കഥ - ഒന്നും വേണ്ടായിരുന്നു


Story- ഒന്നും വേണ്ടായിരുന്നു....

മെഡിക്കൽ കോളേജിൽ എന്നെ പഠിപ്പിച്ച ഗിരിജാ മാഡം, ബാലകൃഷ്ണൻ സർ, ആനി മാഡം, വത്സലാ മാഡം, അയൂബ് സർ, ഇവരെയെല്ലാം വിട്ട് തമിഴ് നാട്ടിലേയ്ക്ക് ചേക്കേറിയപ്പോൾ അവിടുത്തെ കോളേജിൽ കൗതുകമായി തോന്നിയത് അവിടുത്തെ അധ്യാപകരുടെ പേരുകളായിരുന്നു. കുമുദവല്ലി മാഡം, പശുപതി സർ, വെങ്കടേശ്വരലു സർ, ശിവജ്യോതി മാഡം, ആനന്ദവല്ലി മാഡം അങ്ങനെ പോകുന്നു പേരുകൾ...

ബയോകെമിസ്ട്രി പഠിപ്പിച്ച ആനന്ദവല്ലി മാഡം ഒരു ദിവസം ഒരു പ്രഖ്യാപനം നടത്തി. അടുത്ത പാഠം മൂന്നു ദിവസങ്ങളിലായി മൂന്നു പേർ ക്ളാസ് എടുക്കണം.

ക്ളാസ് എടുക്കാനുള്ള മൂന്നു പേരെയും ടീച്ചർ തന്നെ പ്രഖ്യാപിച്ചു. ക്ളാസ്സിൽ അല്പം നന്നായി പഠിക്കുന്ന മൂന്നു പേരെയാണ് തെരഞ്ഞെടുത്തത്. അടുത്ത പ്രഖ്യാപനം അല്പം കൂടി കടുത്തതായിരുന്നു. ഇവർ പഠിപ്പിക്കുന്ന സമയം മറ്റുള്ളവർ ഇവരോട് ചോദ്യങ്ങൾ ചോദിക്കണം. എല്ലാവരും പാഠം നന്നായി പഠിക്കാനുള്ള ടീച്ചറിന്റെ തന്ത്രമായിരുന്നു ഇതെല്ലാം. സഫീദ് ആണ് ആദ്യത്തെ ക്ളാസ് എടുക്കുന്നത്. വിഷയം കാർബോഹൈഡ്രേറ്റ് ദഹന പ്രക്രിയ.

ടീച്ചർ വന്നിരുന്നത് എന്റെ അടുത്ത്. കുട്ടൂസന്റെ കുപ്പിയിൽ അകപ്പെട്ട മായാവിയെ പോലെ ഞാൻ പേടിച്ചരണ്ട് സൈഡിൽ മാറിയിരുന്നു. എന്നെ ടീച്ചർ വിട്ടില്ല. ക്ളാസ് നടക്കുന്നതിനിടയിൽ സഫീദിനോട് ചോദ്യം ചോദിക്കാൻ എന്നോടാവശ്യപ്പെട്ടു.

ഈശ്വരാ... അനുസരിച്ചില്ലേൽ പണിയാവുമല്ലോ ...

എവിടുന്നോ പുസ്തകം തപ്പിയെടുത്ത് ഏതോ ഒരു ചോദ്യം മനസ്സിൽ റെഡിയാക്കി എഴുനേറ്റു നിന്ന് ചോദിച്ചു. ഒരു ഞാണിന്മേൽ കളി പോലെ ക്ളാസ് എടുത്തു കൊണ്ടിരുന്ന സഫീദ് ഉത്തരം മുട്ടി വായില്ലാകുന്നിലപ്പനായി. ടീച്ചർ അവനോട് നന്നായി പഠിച്ചിട്ടു വരാൻ പറഞ്ഞു ശകാരിച്ച് പറഞ്ഞു വിട്ടു. കുറിക്കു കൊള്ളുന്ന ചോദ്യം ചോദിച്ച് ഉത്തരം മുട്ടിച്ച എന്നെ അഭിനന്ദിക്കാനും ടീച്ചർ മറന്നില്ല. എനിക്കതങ്ങ് സുഖിച്ചു. ഞാൻ കൊള്ളാലോ. അടുത്ത ദിവസം മുരളിയോടും അതിന്റടുത്ത ദിവസം അരുണിനോടും ചോദ്യങ്ങൾ ചോദിക്കാൻ ടീച്ചർ എന്നോട് പ്രത്യേകം പറയണം എന്ന് എനിക്ക് തോന്നിയില്ല. സ്വമേധയാ ചോദിച്ച ചോദ്യങ്ങൾ അവരെ രണ്ടു പേരെയും കുഴക്കി. ടീച്ചറിന്റെ അഭിനന്ദന പ്രവാഹം! സഹപാഠികളായ ഒന്ന് രണ്ടു പെണ്‍കുട്ടികൾ കൂടി അഭിനന്ദിച്ചതോടെ ഞാൻ ഹീറോ പട്ടത്തിലേയ്ക്ക് കാലെടുത്തു വച്ചു.

എന്നെക്കുറിച്ചോർത്ത് ഞാൻ തന്നെ അഭിമാനിച്ചു. ശ്ശൊ !!! എന്റെയൊരു കാര്യം!!!

അപ്പോഴാണ്‌ ഇടിത്തീ പോലെ ടീച്ചറിന്റെ മറ്റൊരു പ്രഖ്യാപനം. ഈ മൂന്നു ക്ലാസ്സുകളിലും പടിപ്പിച്ചവരെ ഉത്തരം മുട്ടിച്ച ഞാൻ അടുത്ത ക്ളാസ് എടുക്കണമത്രേ!!! അതും ഈ മൂന്ന് വിഷയങ്ങളും ഒരുമിച്ച് !!!

എന്നിട്ടൊരു ഡയലോഗും. "നന്നായി ക്ളാസ് എടുക്കുന്നത് എങ്ങനെയെന്നു നിങ്ങളെല്ലാവരും ഒന്ന് കാണ്."

തകർന്നു പോയി ഞാൻ!!!

ഇത്രയും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഇതൊരു വല്ലാത്ത ചതിയായിപ്പോയി. ഒറ്റ രാത്രി കൊണ്ട് ഇതെല്ലാം ഞാൻ പഠിച്ച് നാളെ രാവിലെ വന്നു ക്ളാസ് എടുക്കണം. ടീച്ചർ ഒരു രണ്ടു ദിവസം മുൻപെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ. അല്ല, മടിയനായ ഞാൻ രണ്ടല്ല നാല് ദിവസം മുൻപ് പറഞ്ഞാലും പഠിക്കുമായിരുന്നില്ല. അത് വേറെ കാര്യം. എല്ലാം എനിക്ക് അവസാന നിമിഷക്കളികളായിരുന്നു.

രാത്രി കാൽ മുക്കി വച്ചിരുന്ന ബക്കറ്റിലെ വെള്ളം എപ്പോഴോ മറിഞ്ഞു പോയി.

നേരം വെളുത്തു. ബയോകെമിസ്ട്രി അവർ വന്നു ചേർന്നു.

കശാപ്പിലേയ്ക് നടക്കുന്ന പോത്തിനെ പോലെ ഞാൻ ക്ളാസ്‌ എടുക്കാനായി മുൻപിലേയ്ക്ക് നടന്നു. ക്ളാസ് എടുത്തു തുടങ്ങി പത്തു മിനിറ്റ് കഴിഞ്ഞില്ല. ദാ വരുന്നു ചോദ്യ ശരങ്ങൾ. സഫീദ്, അരുണ്‍, മുരളി എന്നിവരും അവരുടെ കൂട്ടുകാരും ചേർന്ന് എന്റെ ക്ളാസ്സിൽ എനിക്കെതിരെ ഒരു വിമതസഖ്യം രൂപം കൊടുത്തത് ഞാൻ അറിഞ്ഞിരുന്നില്ല. അത്രയും ദിവസം ആ പാഠത്തിലെ ഒരു വരി പോലും പഠിക്കാത്ത അവർ, എന്നോട് ചോദ്യം ചോദിക്കാനായി മാത്രം ആ പാഠം മുഴുവനും പഠിച്ചു കൊണ്ട് വന്നിരിക്കുന്നു. ദുഷ്ടന്മാർ!!!! ആദ്യത്തെ കുറച്ചു ചോദ്യങ്ങൾക്ക് എന്തൊക്കെയോ ഉത്തരങ്ങൾ പറഞ്ഞു ഞാൻ പിടിച്ചു നിന്നു. പിന്നീട് ഏതോ ഒരു ചോദ്യത്തിന് ഉത്തരം മുട്ടി. അതോടെ ശശിയായി നിൽക്കുകയാണ് ഞാൻ. എങ്ങും നിശ്ശബ്ദത!!! അടക്കിപ്പിടിച്ച ചിരികൾ പലയിടത്തു നിന്നും കേൾക്കുന്നു. നോക്കുമ്പോൾ ഇന്നലെ എന്നെ അഭിനന്ദിച്ച പെണ്‍കുട്ടികളാണ് ചിരിക്കുന്നത്. വിരൂപാക്ഷികൾ!!!

അപ്പോഴാണ്‌ അവർ തീരുന്ന ബെല്ലടിച്ചത്. ആ ബെല്ലടിച്ച പ്യൂണിനു നല്ലത് വരുത്തുവാൻ ഞാൻ ദൈവത്തോട് അകമഴിഞ്ഞു പ്രാർത്ഥിച്ചു.

എല്ലാം കഴിഞ്ഞു ഇരിപ്പിടത്തിലേയ്ക്ക് നടക്കുമ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു.

"ശ്ശൊ!!! ഒന്നും വേണ്ടായിരുന്നു."

Comments

  1. അവനവൻ തോണ്ടിയ കുഴിയിൽ
    അവൻ താൻ വീണു എന്നുപറയുന്നതിതിനെയാണ്
    കൊള്ളാം നല്ല ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു ..

    ReplyDelete

Post a Comment

Popular posts from this blog

അജിയ്ക്ക് ബുദ്ധി സ്ഥിരതയില്ല

'LES MISERABLES'- ഒരവലോകനം