കഥ - വരി


കഥ - വരി

വരി വരിയായി നില്ക്കണം എല്ലാത്തിനും.

രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം കിട്ടണമെങ്കിൽ വരിയായി നിന്നേ പറ്റൂ. പിന്നെ ഇടയ്ക്കുള്ള ചായയ്ക്കും.

സ്കൂളിലെ നിയമം അതായിരുന്നു.

അങ്ങനെ പിടിച്ചു കെട്ടി വളർത്തിയ ഞങ്ങളുടെ പ്രധാന വിനോദം വരിയുടെ ഇടയ്ക്ക് കയറി നിന്ന് ആദ്യം ഭക്ഷണം വാങ്ങുക എന്നതായിരുന്നു. ക്ളാസ് വിട്ടാൽ ഉടനെ വരിയുടെ മുൻപിൽ നില്ക്കാൻ മെസ്സ് ഹാളിലേയ്ക്ക് ഓടുന്ന ഓട്ടം ഒളിമ്പിക്സിൽ ഓടിയിരുന്നെങ്കിൽ ഭാരതത്തിന്‌ അഭിമാനാർഹമായ നേട്ടം കൈവരിക്കാമായിരുന്നു. കളികൾക്കായി മാറ്റിവചിരുന്ന സമയം തീരാറായി. അപ്പോഴാണ്‌ എന്നും നുണക്കഥകൾ മാത്രം വിവരിച്ചു കുപ്രസിദ്ധി നേടിയ എന്റെ സഹപാഠി ലാൽ മൈതാനത്തിന്റെ ഒരു മൂലയിൽ വെറുതെയിരുന്ന രഞ്ചിത്തിനെ അവന്റെ ഇരട്ടപ്പേര് വിളിച്ച്‌ പ്രകൊപിതനാക്കിയിട്ട് ഓടിയത്. പുറകോട്ടു നോക്കി ഓടിയ ലാൽ അറിയാതെ മൈതാനത്തിനു നടുവിലെത്തിയത് അവനൊഴികെ മറ്റെല്ലാവരും കണ്ടു.

ഓടിയ വഴിക്ക് എന്തോ വളരെ ഭാരമുള്ള ഒരു സാധനം വയറ്റത്ത് വന്നു കൊണ്ടത്‌ ലാലിന് ഓർമ്മയുണ്ട് .

പിന്നെ കുറച്ചു നേരം പവർ കട്ടായിരുന്നു.

മഴ വെള്ളം മുഖത്ത് വീഴുന്നതുപോലെ തോന്നി. കണ്ണ് തുറന്നു നോക്കിയപ്പോൾ ചുറ്റും സഹപാഠികളും പ്രസാദ് സാറും മുൻപിൽ ഒരു ഗ്ളാസ് വെള്ളവും.

ബോധം വീഴുമോ എന്നറിയാൻ സാർ മുഖത്ത് വെള്ളം തളിച്ചതായിരുന്നു. വയറ്റത്ത് വന്നു കൊണ്ട ആ ഭാരമുള്ള സാധനം അഭിലാഷ് എന്ന കായികാഭ്യാസി ഗ്രൗണ്ടിൽ എറിഞ്ഞു പരിശീലിച്ചു കൊണ്ടിരുന്ന ഷോട്ട് പുട്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.

അതിനു ശേഷം അവൻ ഷോട്ട് പുട്ട് വയറുകൊണ്ട് തടുത്ത ലാൽ എന്നറിയപ്പെടാൻ തുടങ്ങി.

അങ്ങനെ കിടന്നപ്പോഴാണ്‌ കായിക സമയം അവസാനിച്ച മണി മുഴങ്ങിയത്. ദൈവമേ ചായ കിട്ടുന്ന സമയം!!! ലാൽ ഓടി.

മൈതാനവും കുറ്റിക്കാടുകളും കടന്ന് മെസ്സ് ഹാളിനെ ലക്ഷ്യമാക്കി ഓടി.

ചായ കിട്ടുക എന്നതിലുപരി വരിയുടെ മുൻപിൽ നിൽക്കാൻ സാധിക്കുക എന്നതായിരുന്നു പ്രധാനം. വരിയുടെ മുൻപിൽ നിന്നാൽ വീരാളി പട്ടൊന്നും കിട്ടില്ലെങ്കിലും അതൊരു സുഖമുള്ള ഗമയായിരുന്നു.

ലാലിന് മുൻപിൽ ഓടിയ നാല് പേരെയും പിന്തള്ളിക്കൊണ്ട് ലാൽ വരിയുടെ മുൻപിൽ എത്തി. പിന്തള്ളപ്പെട്ട നാലുപേരും അതിനു പുറകിൽ വന്നവരും ബ്രേക്ക് കിട്ടാതെ പുറകെ വന്നു ഓരോരുത്തരായി ഇടിച്ചു കൊണ്ടിരുന്നു.

അച്ചടക്കത്തോടെ വരിയിൽ നില്ക്കണം എന്ന് നിയമമുണ്ടായിരുന്ന സ്കൂളിൽ ഈ ഇടിയെല്ലാം കണ്ടു രസിച്ചു ഒരു പുഞ്ചിരിയോടെ പ്രസാദ്‌ സാർ അടുത്ത് തന്നെ നില്ക്കുന്നുണ്ടായിരുന്നു. ചിരിച്ചു കൊണ്ട് 'ഇടിയെടാ ലാലേ ഇടി .. നീയാടാ ആദ്യം വന്ന മിടുക്കൻ ...' എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കാനും സാർ മറന്നില്ല.

വിജയ ശ്രീലാളിതനായി വരിയുടെ മുൻപിൽ തലയുയർത്തി നില്ക്കുന്ന ലാൽ അപ്പോഴാണ്‌ പ്രസാദ് സാറിന്റെ അനൌൻസ്മെന്റ് കേട്ടത്.

'എബൗട്ട് ടേണ്‍ !!!'

'വരിയുടെ ഏറ്റവും പുറകിൽ നില്ക്കുന്ന ആൾ മുതൽ ഓരോരുത്തരായി എല്ലാവരും ചായ കൌണ്ടറിൽ എത്തുക'.

വരി മുഴുവനോടെ പുറകോട്ടു തിരിഞ്ഞു. പുറകിൽ ഏറ്റവും പതിയെ വന്നു വരിയിൽ നിന്ന മര്യാദക്കാരന്റെ മുഖത്ത് ട്യൂബ് ലൈറ്റ് കത്തി. ഏറ്റവും അവസാനം കിട്ടിയ ചായയുമായി നടന്നു നീങ്ങിയ ലാൽ പിന്നീടൊരിക്കലും വരിയുടെ മുൻപിലെത്താൻ വേണ്ടി ഓടിയിട്ടില്ല.

Comments

Post a Comment

Popular posts from this blog

അജിയ്ക്ക് ബുദ്ധി സ്ഥിരതയില്ല

കഥ - ഒന്നും വേണ്ടായിരുന്നു