കഥ - തോർത്ത്‌


കഥ - തോർത്ത്‌

ഫിസിക്സ്‌ ക്ളാസ് അത്ര ബോറായത് കൊണ്ടാണോ അതോ പഠിപ്പിക്കുന്ന സാർ ഒരു ബോറനായതുകൊണ്ടോ എന്തോ ദിവാസ്വപ്നങ്ങൾ കൂടുതലായി തലയ്ക്കു മുകളിൽ വട്ടമിട്ടു പറക്കുന്നത് ആ ക്ളാസ്സിലായിരുന്നു.

ഹോ! എന്തെല്ലാം പകൽ കിനാവുകൾ . !!!

ഇന്നലെ ഹോം വർക്ക് ചെയ്യാത്തതിന് മേരി ടീച്ചർ തല്ലിയതും ക്ളാസ്സിൽ മുട്ടുകുത്തി നിന്നതും അപ്പനെ വിളിച്ചോണ്ട് വന്നിട്ട് ക്ളാസ്സിൽ കയറിയാൽ മതിയെന്നുള്ള ആക്രോശവും എല്ലാം വെറുതെ മനസ്സിൽ കൂടി വന്നു ചുമ്മാ upset ആക്കിയിട്ടു പോകുന്നു. രണ്ടു തല്ലു കിട്ടുമ്പോൾ അതിന്റെ വേദനയുടെ തീവ്രതയിൽ വെറുതെ ഭയങ്കര തീരുമാനങ്ങൾ എടുത്തു പോകും. അതിൽ ഒന്നായിരുന്നു നാട് വിട്ടു പോകൽ. കുറച്ചു കഴിയുമ്പോൾ വേദന മാറും. പിന്നെ ഓർക്കും, ശരിക്കും നാട് വിട്ടു പോകണോ? ജോലി ഒന്നും കിട്ടിയില്ലെങ്കിലോ? ഭക്ഷണം കഴിക്കണ്ടേ? അങ്ങനെ ആ തീരുമാനം മാറ്റും.

ഫിസിക്സ്‌ സാർ വളരെ സീരിയസ് ആയി പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. എപ്പോഴാണെന്ന് അറിയില്ല, നിദ്രാ ദേവി വന്നു ഇമകളിൽ തഴുകി കടന്നു പോയി.

പിന്നെ വന്നത് ഉറക്കത്തിൽ നമ്മൾ കാണുന്ന യഥാർത്ഥ സ്വപ്നമായിരുന്നു.

സ്വപ്നത്തിൽ വന്നതോ ഞാൻ എന്നും രാവിലെ കാണുന്ന പെണ്‍കുട്ടി . ഇന്ന് പോയി മിണ്ടിയാലോ എന്ന് എല്ലാ ദിവസവും ആലോചിക്കും. അല്ലെങ്കിൽ വേണ്ട. ആ കുട്ടി എന്തേലും വിചാരിച്ചാലോ? ആ കുട്ടി നടന്നു ക്ളാസ്സിൽ ചെന്ന് കയറി കഴിയുമ്പോൾ ഞാനും എന്റെ ക്ലാസ്സിലേക്ക് പോകും. പിറ്റേന്നും കാണും. കൂട്ടുകാരികൾ എന്ന ദുഷ്ട വർഗ്ഗം കുറെയെണ്ണം കൂടെയുണ്ടാവും. അപ്പൊ ഇന്നും പോയി മിണ്ടണ്ട. നിരാശനായി ഇന്നും മടങ്ങേണ്ടി വന്നു. അപ്പോഴാണ്‌ പ്രേമലേഖനത്തിന്റെ ഐഡിയ എന്റെ ഒരു നല്ല കൂട്ടുകാരൻ പറഞ്ഞു തരുന്നത്. അങ്ങനെ എഴുത്ത് തുടങ്ങി. അപ്പോഴാണ്‌ മനസ്സിലായത്‌ ഇതത്ര എളുപ്പമുള്ള പണിയല്ല എന്ന്. ബുക്കിന്റെ പേജ് വലിച്ചു കീറി ബുക്ക്‌ മെലിഞ്ഞു തുടങ്ങി. മേശയുടെ കീഴിൽ വച്ചിരുന്ന ചവറ്റു കൊട്ട നിറഞ്ഞും തുടങ്ങി. ഒടുവിൽ എങ്ങനെയൊക്കെയോ ഒരെണ്ണം ഒപ്പിച്ചു എഴുതി പൂർത്തിയാക്കി.

നേരം വെളുക്കാൻ ഇനി അധികം നേരമില്ലെന്ന വസ്തുത അപ്പോഴാണ്‌ മനസ്സിലായത്‌..

എന്നും കാണാറുള്ള സ്ഥലത്ത് കാത്തു നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അവൾ വന്നു. എന്റെ ഭാഗ്യം കൊണ്ടാണോ അവളുടെ നിർഭാഗ്യം കൊണ്ടാണോ എന്തോ കൂട്ടുകാരികൾ കൂടെ ഇല്ലായിരുന്നു. സകല ദൈവങ്ങളേയും വിളിച്ചു ധൈര്യം സംഭരിച്ച് ഞാൻ അടുത്തേക്ക് ചെന്നു . ഏതോ ഒരു ബുക്ക്‌ ചോദിച്ചു വാങ്ങി പ്രേമലേഖനം അതിൽ വച്ച് കൊടുത്തു. അവൾ ക്ളാസ്സിൽ ചെന്ന് കയറുകയും ചെയ്തു. എന്റെ മനസ്സിലൂടെ തീവണ്ടി ഓടിക്കൊണ്ടിരിക്കുന്നു. അവൾ അത് വായിച്ചു കാണുമോ? എന്തായിരിക്കും പ്രതികരണം? ഇടക്കൊക്കെ അവൾ എന്നെയും നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതായത് അവൾക്ക് എന്തോ ഇങ്ങോട്ടും ഉണ്ടെന്നല്ലേ അതിന്റെ അർഥം? ഞാൻ ക്ലാസ്സിലേക്ക് ചെന്ന് കയറാൻ തുടങ്ങിയപ്പോഴാണ് അവൾ ഇറങ്ങി വരുന്നത് കണ്ടത്. ഞാൻ അവിടെത്തന്നെ നിന്നു.

നിനക്ക് നാണമില്ലേ എന്ന് ചോദിച്ച് ഞാൻ കൊടുത്ത എഴുത്ത് അവൾ എന്റെ നേരെ എറിഞ്ഞിട്ടു തിരിച്ചു പോയി. അതെന്റെ നെറ്റിയിലാണ് വന്നു കൊണ്ടത്‌.

അല്ല ശരിക്കും നെറ്റിയിൽ എന്തോ വന്നു കൊണ്ടല്ലോ.

ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന ഞാൻ നോക്കുമ്പോൾ ഫിസിക്സ്‌ സാർ മുൻപിൽ വടിയുമായി നില്ക്കുന്നു. ചോക്ക് കഷണമായിരുന്നു നെറ്റിയിൽ വന്നു കൊണ്ടത്‌. "എഴുനേൽക്ക്" സാർ ആക്രോശിച്ചു.

"Define torque" എന്നോടാണ് ചോദ്യം. ഞാൻ ഉറങ്ങുന്നത് സാർ കൃത്യമായി കണ്ടിരിക്കുന്നു. torque അതെന്താണെന്ന് പോലും എനിക്കറിയില്ല. എന്തായാലും രണ്ടും കൽപ്പിച്ചു ഞാൻ പറഞ്ഞു.

"sir torque is a piece of cloth used for drying the body after a shower." ക്ളാസിൽ കൂട്ടച്ചിരി ഉയർന്നു.
അന്നെനിക്ക് കിട്ടിയ അടി ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. ആ വെറുക്കപ്പെട്ട വാക് എന്താണെന്ന് പോലും പിന്നീട് ഞാൻ അന്വേഷിച്ചിട്ടില്ല.

Comments

Post a Comment