കഥ :സാറുമ്മാർ


കഥ :സാറുമ്മാർ
കർത്താവ്‌ : ഈ ഞാൻ തന്നെ
സഹിക്കേണ്ട ഗതികേട് : നിങ്ങൾക്ക്

ഒൻപതാം ക്ളാസ്സിൽ പഠിക്കുകയാണ് ഞാൻ അന്ന്.

തരക്കേടില്ലാതെ പഠിക്കാത്തത് കൊണ്ട് പരീക്ഷക്കൊക്കെ സ്ഥിരമായി പൊട്ടുന്നത് ഒരു പതിവായിരുന്നു. അതുകൊണ്ട് അധ്യാപകർ എന്നെ പോലീസ് ദൃഷ്ടിയോടെ ആണ് നോക്കിയിരുന്നത്. ഹോസ്റ്റലിൽ പോലും എന്നെ നിരീക്ഷിക്കാൻ അവർ ആളെ ഏർപ്പാടാക്കിയിരുന്നു. അവർ എന്റെ ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു എന്ന് എന്റെ സാറുമ്മാർ അറിഞ്ഞിരുന്നില്ല.

വളരെ തീവ്ര ശിക്ഷണ രീതികൾ നടപ്പാക്കി വരുന്ന ഒരു സ്കൂൾ ആയിരുന്നു എന്റേത്. അതുകൊണ്ട് തന്നെ ഹോസ്റ്റൽ ഒരു ജയിൽ പോലായിരുന്നു എല്ലാവര്ക്കും.

അടുത്ത പറമ്പിൽ കശുമാങ്ങ പഴുത്തപ്പോഴാണ് ആദ്യമായി ഹോസ്റെലിന്റെ മതിൽ ചാടാൻ കുട്ടികൾ പഠിച്ചത്. പഴുക്കാത്ത കശുമാങ്ങയ്ക്ക് പോലും അന്ന് മുടിഞ്ഞ സ്വാദായിരുന്നു. തുടർന്ന് മതിലുചാട്ടം കവലയ്ക്കൽ ഉള്ള ബാബുസ് ഹോട്ടലിൽ വരെ എത്തിയത് വളരെ പെട്ടന്നായിരുന്നു. പൊറോട്ടയും സാമ്പാറും ഭയങ്കര കോംബിനേഷൻ ആയിരുന്നു. തലേ ദിവസം ബാക്കി വന്ന കഞ്ഞിവെള്ളം മിക്സ്‌ ചെയ്തു സാമ്പാർ ഉണ്ടാക്കുന്ന നളപാചകം അമൃതായി തോന്നിയതും ഒരു പക്ഷെ ഹോസ്റെലിന്റെ മതിലിനു അത്രയും ഉയരമുണ്ടായിരുന്നത് കൊണ്ടാവാം. ഞാൻ നേരത്തെ തന്നെ അധ്യാപകരുടെ നോട്ടപ്പുള്ളി ആയിരുന്നത് കൊണ്ട് എനിക്ക് ആ മതില് ചാടാൻ മാത്രം ധൈര്യമില്ലായിരുന്നു. നാവിൽ വെള്ളമൂറുന്ന കഥകൾ കേൾക്കാൻ മാത്രമേ എനിക്ക് യോഗമുണ്ടായിരുന്നുള്ളൂ.

അങ്ങനെയിരിക്കെ ഒരു വിരുതൻ മതിൽ ചാടി സെക്കന്റ്‌ ഷോ കാണാൻ പോയ വാർത്ത കാട്ടുതീ പോലെയാണ് ഹോസ്റ്റലിൽ പരന്നത്. സ്കൂൾ കോമ്പൌണ്ടിൽ ഐസ് ക്രീം വണ്ടി വന്നത് പോലെ അവന്റെ ചുറ്റും കുട്ടികൾ വന്നു പൊതിഞ്ഞു. പൊടിപ്പും തൊങ്ങലും വച്ച് സിനിമയ്ക്ക് പോയ കഥ അവൻ വിവരിച്ചു. മ്യൂസിക്കും സ്പെഷ്യൽ എഫ്ഫക്ട്സും എല്ലാം വായ്‌ കൊണ്ട് ഉണ്ടാക്കിയാണ് അവൻ വിവരിച്ചത്. അവൻ പറഞ്ഞ കഥ കേട്ട് എല്ലാവരും കോരിത്തരിച്ചു നിന്നു. അന്ന് രാത്രി അവൻ പറഞ്ഞ സാഹസിക കഥയും സ്വപ്നം കണ്ടാണ്‌ കിടന്നുറങ്ങിയത്. രാത്രി എപ്പോഴോ അറിയാതെ ഉണർന്നപ്പോഴും ആ കഥയായിരുന്നു മനസ്സിൽ.

അവന്റെയൊക്കെ ഒരു ഭാഗ്യം! നോട്ടപ്പുള്ളിയല്ലാത്തത് കൊണ്ട് അവനൊക്കെ എന്തും ആവാം. ആരും സംശയിക്കുക പോലും ഇല്ല. എനിക്കും അവനെ പോലെ സാറുംമാരുടെ വിശ്വാസം നേടിയെടുക്കാൻ പറ്റിയിരുന്നെങ്കിൽ. അതിനി നടക്കുമോ? മുൻപേ തന്നെ നേരെ ചൊവ്വേ പഠിച്ചിരുന്നെങ്കിൽ... ഇനി ഇപ്പൊ അത് വിചാരിച്ചിട്ട് കാര്യമില്ല. ഒടിഞ്ഞു പോയ കല്ലു പെൻസിൽ കൂട്ടി ചേർക്കാൻ പറ്റുമോ? ഇങ്ങനെ ആലോചിച്ചു കിടന്നപ്പോഴാണ്‌ പെട്ടന്ന് ഒരു വക്രബുദ്ധി മനസ്സിൽ ഉദിച്ചത്. അവൻ മതിൽ ചാടി സിനിമയ്ക്ക് പോയ കാര്യം സാറിനോട് പോയി കൊളുത്തിയാലോ? ഞാൻ സാറിന്റെ പ്രിയപ്പെട്ട വിശ്വസ്തനാവുകയും ചെയ്യും നോട്ടപ്പുള്ളി സ്ഥാനം മാറിയും കിട്ടും. കൂട്ടത്തിൽ അവനിട്ട് ഒരു പണി കൊടുക്കുകയും ചെയ്യാം. എല്ലാം തീരുമാനിച്ചുറച്ചു. എനിക്ക് കിട്ടാൻ പോകുന്ന അംഗീകാരം മനസ്സിൽ കണ്ട് കണ്ണുമടച്ചു കിടന്നു.

നേരം ഒന്ന് പെട്ടന്ന് വെളുത്തിരുന്നെങ്കിൽ എന്ന് ആദ്യമായി ഞാൻ ആഗ്രഹിച്ചു. അങ്ങനെ സൂര്യനെ കിഴക്കെങ്ങാണ്ട് ചെന്ന് കടലിൽ പോയി മുങ്ങിയെടുത്തു കൊണ്ട് വന്നു നേരം വെളുപ്പിച്ചു.

കളാസ്സിൽ എത്തിയതും നേരെ സ്റ്റാഫ് റൂമിൽ ചെന്ന് സാറിന്റെയടുത്ത്‌ കാര്യം അവതരിപ്പിച്ചു. നമ്മുടെ കഥാ നായകനെ വിളിപ്പിച്ചു. ക്ളാസ്സിൽ എല്ലാ കുട്ടികളുടെയും മുൻപിൽ വച്ച് അവന്റെ തുട പൊട്ടുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നു.

ഞാൻ സാറിന്റെ മുൻപിൽ അഭിമാനപുരസ്സരം തല ഉയർത്തി നിന്നു. സാർ ഉടൻ എന്റെ നേരെ തിരിഞ്ഞു.

"ഇന്നലെ തന്ന ഹോം വർക്ക്‌ നീ ചെയ്തോ?" ഞാൻ തല ചൊറിഞ്ഞു. "ഇങ്ങോട്ട് മാറി നിൽക്ക്."

സാറിന്റെ ചൂരൽ വീണ്ടും ഉയർന്നു താണു. പൊന്നീച്ചകൾ എന്റെ തലയ്ക്കു ചുറ്റും നൃത്തം ചെയ്തു പറന്നു. അവന്റെ കൂടെ ക്ളാസ്സിന്റെ മൂലയ്ക്ക് മുട്ടുകുത്തി നിന്നപ്പോൾ ഞാൻ മനസ്സിൽ ഒരു ഉറച്ച തീരുമാനമെടുത്തു.

"ഇനി ഒരിക്കലും സാറുമ്മാർ എന്ന വർഗ്ഗത്തെ വിശ്വസിക്കരുത്. "

Comments

  1. തരക്കേടില്ലാതെ പഠിക്കാത്തത് കൊണ്ട് പരീക്ഷക്കൊക്കെ സ്ഥിരമായി പൊട്ടുന്നത് ഒരു പതിവായിരുന്നു. അതുകൊണ്ട് അധ്യാപകർ എന്നെ പോലീസ് ദൃഷ്ടിയോടെ ആണ് നോക്കിയിരുന്നത്. ഹോസ്റ്റലിൽ പോലും എന്നെ നിരീക്ഷിക്കാൻ അവർ ആളെ ഏർപ്പാടാക്കിയിരുന്നു. അവർ എന്റെ ആത്മാർത്ഥ സുഹൃത്തുക്കളായിരുന്നു എന്ന് എന്റെ സാറുമ്മാർ അറിഞ്ഞിരുന്നില്ല...!

    ReplyDelete

Post a Comment

Popular posts from this blog

അജിയ്ക്ക് ബുദ്ധി സ്ഥിരതയില്ല

കഥ - ഒന്നും വേണ്ടായിരുന്നു

'LES MISERABLES'- ഒരവലോകനം